ഒറ്റ നോട്ടത്തില്‍
പിരായിരി ഗ്രാമപഞ്ചായത്ത് പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ പാലക്കാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു പ്രത്യേക ഗ്രേഡ് ഗ്രാമപഞ്ചായത്താണ്. പിരായിരി ഗ്രാമപഞ്ചായത്ത് 1962 ജനുവരി 1-നാണ് രൂപീകൃതമായത്. പിരായിരി, കൊടുന്തിരപ്പുള്ളി എന്നീ രണ്ടു പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പഞ്ചായത്ത് രൂപീകരിച്ചത്. 18.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് 24 വാർഡുകളായി വിഭജിച്ചിരിക്കുന്നു.
പാലക്കാട് നഗരാതിർത്തിക്ക് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് പിരായിരി ഗ്രാമപഞ്ചായത്ത്. 18.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന് നാഗരികച്ഛായയും ഗ്രാമീണ സൗന്ദര്യവും ഒരുപോലെ കൈവരിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് പറളി, പുതുപ്പരിയാരം പഞ്ചായത്തുകളും, തെക്ക് കണ്ണാടി, മാത്തൂർ പഞ്ചായത്തുകളും, കിഴക്ക് പുതുപ്പരിയാരം പഞ്ചായത്തും പാലക്കാട് മുനിസിപാലിറ്റിയും, പടിഞ്ഞാറ് പറളി, മാത്തൂർ പഞ്ചായത്തുകളുമാണ്.
പഞ്ചായത്തിന്റെ തെക്കുഭാഗത്തുകൂടി കണ്ണാടിപ്പുഴയും വടക്കുഭാഗത്തുകൂടി കൽപ്പാത്തിപ്പുഴയും അതിർത്തി നിർണയിച്ച് ഒഴുകുന്നു. പ്രധാനപ്പെട്ട രണ്ട് റോഡുകളായ പാലക്കാട്–കോട്ടായി റോഡും പാലക്കാട്–ഷൊർണൂർ റോഡും പഞ്ചായത്തിലൂടെ കടന്നുപോകുന്നു. ഈ റോഡുകൾ പഞ്ചായത്തെ മൂന്ന് ഭാഗങ്ങളായി വിഭജിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറായാണ് പിരായിരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
മതസൗഹാർദ്ദത്തിന്റെ പ്രതീകമായി അറിയപ്പെട്ടിരുന്ന “പിരായിരി പാന” എന്ന ചടങ്ങ് പ്രശസ്തമായിരുന്നു. പിരായിരി ഭഗവതി ക്ഷേത്രത്തിൽ വർഷംതോറും ഗംഭീരമായി നടത്തിയിരുന്ന ഈ ചടങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഐക്യമനോഭാവത്തിന്റെ മുഖമുദ്രയായിരുന്നു.
കൊടുന്തിരപുളളി അഗ്രഹാരം പഞ്ചായത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ തമിഴ് ചോളവംശജരായ ബ്രാഹ്മണർ കൂട്ടമായി താമസിക്കുന്ന അഗ്രഹാരമാണിത്. ഇവിടെ പെരുമാൾ ക്ഷേത്രവും അയ്യപ്പക്ഷേത്രവും സ്ഥിതി ചെയ്യുന്നു. വലുതും ചെറുതുമായ രണ്ട് അഗ്രഹാരങ്ങളും ഇവിടെയുണ്ട്. തമിഴ് ആചാരാനുഷ്ഠാനങ്ങൾ ഇന്നും നിലനിർത്തിപ്പോരുന്ന ഈ അഗ്രഹാരങ്ങളിലെ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ പ്രസിദ്ധമാണ്. ദുര്‍ഗാഷ്ടമിയും മഹാനവമിയും അതിവിപുലമായും വർണ്ണോജ്ജ്വലമായും ആഘോഷിച്ചുവരുന്നു.
പഞ്ചായത്തിന്റെ ഭൗതിക പുരോഗതിക്ക് നിർണായക പങ്കുവഹിക്കുന്നത് കല്ലേക്കാട്ടിലെ കരിങ്കൽ ക്വാറികളാണ്. ഇവ പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചക്കും തൊഴിലവസരങ്ങൾക്കും പ്രധാന സംഭാവന നൽകുന്നു.