പിരായിരി ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് പാലക്കാട് നിന്നും സൌകര്യാര്‍ത്ഥം വെട്ടിയുണ്ടാക്കിയ പാതയായ ഇന്നത്തെ പൂതൂര്‍ റോഡ്, പിരായിരി ചുങ്കത്തില്‍ നിന്നും ആരംഭിക്കുന്നു. പ്രസിദ്ധ മുസ്ളീം പള്ളിയും വളരെ പുരാതനമായ കണ്ണുകോട്ടു ഭഗവതീ ക്ഷേത്രവും ഈ പാതയില്‍ കാണാവുന്നതാണ്. വടക്കവന്തറ തിരുപുരായ്ക്കല്‍ ഭഗവതിയുടെ സഹോദരിയാണ് കണ്ണുകോട്ടു ഭഗവതി എന്നാണ് ഐതിഹ്യം. ടിപ്പുസുല്‍ത്താന്‍ പണിതീര്‍ത്തതെന്ന് പറയപ്പെടുന്ന മുസ്ളീം ദേവാലയമാണ് പള്ളിക്കുളം പള്ളി. കണ്ണമ്പാടം ശിവക്ഷേത്രവും കക്കോട്ട് ഭഗവതീക്ഷേത്രവും ആണ് മറ്റു രണ്ട് പ്രധാന ക്ഷേത്രങ്ങള്‍. കൊടുന്തിരിപ്പള്ളിയ്ക്ക് പടിഞ്ഞാറു ദിശയിലായി മൂജാഹിദ്ദീന്‍ പള്ളിയും, നാവക്കോട് പള്ളിയും സ്ഥിതി ചെയ്യുന്നു. അഗസ്ത്യമുനി പ്രതിഷ്ഠിച്ച അത്താഴനെല്ലൂര്‍ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന അഗസ്ത്യനെല്ലൂര്‍ ലോപിച്ച് പില്‍ക്കാലത്ത് അത്താലൂര്‍ ആയി. തെക്കുഭാഗത്ത് നിളയുടെ തീരത്ത് പടിഞ്ഞാറുഭാഗത്തേക്ക് മുഖം തിരിഞ്ഞ് ഇരിക്കുന്ന ഉഗ്രമൂര്‍ത്തിയായ മറ്റൊരു മഹാശിവക്ഷേത്രവും ഇതിനു പുറമേ മോഴിപുലം എന്ന സ്ഥലത്ത് കണ്ണടത്ത് ഭഗവതീ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. കാട്ടില്‍ പീടികയില്‍ മസ്ജൂദ്ദൂന്‍ മുജാഹിദ്ദീന്‍ പള്ളിയും, അതുപോലെ കാഞ്ഞിരക്കോട്ടില്‍ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂതൂര്‍ പുത്തന്‍പള്ളിയും വളരെ പ്രസിദ്ധമാണ്. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ പാലക്കാട്ഷൊര്‍ണ്ണൂര്‍ റോഡില്‍ വലതുവശത്തായി കിഴക്കഞ്ചരിക്കാവ് സ്ഥിതിചെയ്യുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് ഈ പ്രദേശത്തേക്ക് കുടിയേറിപ്പാര്‍ത്ത വടക്കെ കൂട്ടകാല നായര്‍ സമുദായക്കാര്‍ ദുര്‍ഗ്ഗാദേവിയെ ഈ സ്ഥലത്ത് പ്രതിഷ്ഠിച്ച് ക്ഷേത്രം പണി കഴിപ്പിക്കുകയാണുണ്ടായതെന്നാണ് ഐതിഹ്യം. കിഴക്കു നിന്നും വന്ന് കുടിയേറിപാര്‍ത്തതിനാല്‍ കിഴക്കഞ്ചരി എന്ന പേരില്‍ അറിയപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. എടത്തറയിലെ പുണ്ടിശ്ശേരി കാളന്‍ ആശാരിയുടെ നേതൃത്വത്തില്‍ സുമാര്‍ 650-ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ക്ഷേത്രം പണികഴിപ്പിച്ചെന്നാണ് പറയപ്പെടുന്നത്. കുറിശ്ശിമലയില്‍ കാലപഴക്കമുള്ള ഒരു ശിവക്ഷേത്രം ചുറ്റുമതിലോടുകൂടി ഉയര്‍ന്ന് നില്‍ക്കുന്നതായി താഴെനിന്ന് നോക്കിയാല്‍ കാണാവുന്നതാണ്. ഉദ്ദേശം 800 വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ ശിവക്ഷേത്രം പഴണിയിലെ (തമിള്‍നാട്) പാലാഴിമഠം ദേവസ്വം വകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഏഴ് ശതാബ്ദങ്ങള്‍ക്കു മുന്‍പ് തമിഴ് നാട്ടിലെ ലാല്‍കുടി ജില്ലയില്‍ നിന്ന് (തൃശ്ശിനാപള്ളി) കുടിയേറി പാര്‍ത്തവരാണു ഇന്നത്തെ കൊടുന്തിരിപ്പുള്ളി അഗ്രഹാരങ്ങളിലെ പൂര്‍വികര്‍. പില്‍ക്കാലത്ത് അവര്‍ ഇവിടുത്തെ കൃഷിഭൂമികളുടെ ഉടമകളായി. ഇപ്പോള്‍ രണ്ട് ഗ്രാമങ്ങളാണ്. ഒരു വലിയ അഗ്രഹാരവും, രണ്ട് ചെറിയ അഗ്രഹാരവും. ചെറിയതിനെ ആദികേശവപുരം എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നു. ടിപ്പുസുല്‍ത്താന്‍, ക്ഷേത്രത്തിന്റെ ഓടുമാറ്റി ചെമ്പു തകിട് അടിച്ച് ക്ഷേത്ര പുനരുദ്ധാരണം നടത്തുകയും ക്ഷേത്ര നടത്തിപ്പാനായി നികുതി ഇല്ലാത്ത വസ്തുവകകള്‍ നീക്കിവെയ്ക്കുകയും ചെയ്തു. പാലക്കാട് ജില്ലയില്‍ വിവിധ അഗ്രഹാരങ്ങള്‍ ഉണ്ടെങ്കിലും കൊടുന്തിരപ്പുള്ളി അഗ്രഹാരത്തിലുള്ളവര്‍ മാത്രമെ ജൈമിനി സാമവേദം അനുഷ്ഠിച്ചുവരുന്നുള്ളു. കുറിശ്ശിമല പ്രകൃതി സ്നേഹികളെയും, വിനോദസഞ്ചാരികളെയും, ആകര്‍ഷിച്ചു വരുന്നു. വടക്കുദിശയില്‍ പശ്ചിമഘട്ട പര്‍വ്വതനിരകളും പാലക്കാടിന്റെ മുഖമുദ്രയായി ഉയര്‍ന്നുനില്‍ക്കുന്ന കരിമ്പനക്കൂട്ടങ്ങളും ഹരിതാഭമായ അതിര്‍ വരമ്പുകള്‍ നിറഞ്ഞ കൊച്ചുപാടങ്ങളും തെങ്ങിന്‍ തോപ്പുകളും, കോണ്‍ക്രീറ്റ് കെട്ടിടങ്ങളും കുറുശ്ശിമലയുടെ ഉയരങ്ങളില്‍ നിന്നും നോക്കിക്കാണുന്നത് നയനാനന്ദകരമായ കാഴ്ചയാണ്. വിശാലമായി കിടക്കുന്ന കല്ലൂര്‍, കറുത്ത പാറകള്‍ നിറഞ്ഞ ഭുപ്രദേശമാണ്. കൈക്കോട്ടിനും കൊടുവാളിനും അപ്രരോധ്യമായ പാറക്കൂട്ടങ്ങള്‍ മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപുരോഗതിക്ക് അടിത്തറയായതോടുകൂടി കല്ലുകളുടെ നാടായ കല്ലേക്കാടിന്റെ ചരിത്രം തുടങ്ങുകയായി. വളര്‍ന്നുവന്ന പാലക്കാട് പട്ടണത്തിലെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കാവശ്യമായ കല്ലുകള്‍ കല്ലേക്കാട്ടില്‍ നിന്നും എടുത്തവയാണ്. കല്ലേക്കാട്ടില്‍ നിന്നും പൊട്ടിച്ചെടുത്ത കല്ലുകളാണ് പാലക്കാട് പട്ടണത്തിന്റെ വികസനരംഗത്തെ അടിസ്ഥാനശിലകള്‍, പാലക്കാടിനെ സംസ്ഥാനത്തിന്റെ നെല്ലറയാക്കി മാറ്റിയ മലമ്പുഴ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാവശ്യമായ കല്ലുകള്‍ കല്ലൂര്‍കല്ലേക്കാട്ടില്‍ നിന്ന് കൊണ്ടുപോയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി വരുന്ന കല്ലുകള്‍ ഇവിടെനിന്നാണ് കൊണ്ടുപോകുന്നത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍ റോഡ് ടിപ്പുവിന്റെ പിതാവ് ഹൈദരാലി നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു. 1950നു ശേഷമാണ് ഈ റോഡ് മെറ്റല്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. വിശാലമായ നെല്‍വയലുകളും കുന്നിന്‍പ്രദേശങ്ങളും പാറക്കൂട്ടങ്ങളും കരിമ്പനക്കൂട്ടങ്ങളും പഞ്ചായത്തിന്റെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്നു. ഈ പഞ്ചായത്തിലെ കൃഷിഭൂമിയില്‍ ഭൂരിഭാഗവും പൂമുള്ളിമന, വരിക്കാശ്ശേരിമന, കൂടലാറ്റൂര്‍മന, ഇടമന തുടങ്ങിയ മനകളുടെവകയും, ദേവസ്വം വകയും ആയിരുന്നു. കുടിയായ്മ, കുടികിടപ്പ്, കാണം, വെറുപാട്ടം എന്നീ സമ്പ്രദായങ്ങള്‍ കാര്‍ഷികരംഗത്ത് നിലനിന്നിരുന്നു. മഴയെ മാത്രം ആശ്രയിച്ചാണ് കൃഷി നടത്തിവന്നിരുന്നത്. മലമ്പുഴ ജലസേചനപദ്ധതി പൂര്‍ത്തിയായതോടെ വിളയുണക്കത്തിന്റെ ഭീഷണിയില്‍ നിന്നും ഈ പഞ്ചായത്തിന് മോചനം ലഭിച്ചു. ഒരുപ്പൂ നിലങ്ങളും പറമ്പുകളും കൃഷിക്കുപയുക്തമാക്കുവാന്‍ കഴിഞ്ഞു. കൈവശഭൂമിയുടെ അവകാശത്തിനുവേണ്ടിയുള്ള സമരം ഈ പഞ്ചായത്തിലും നടന്നിട്ടുണ്ട്. വി.ഗോപാലന്‍, കെ.ആര്‍.വേലായുധന്‍, കണ്ടുമാസ്റ്റര്‍, കൃഷ്ണന്‍മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകസംഘത്തിന്റെ സമരം ശക്തമായി നടന്നിരുന്നു. സാമൂഹ്യരാഷ്ട്രീയരംഗങ്ങളില്‍ വന്ന മാറ്റത്തിന്റെ ഫലമായി ഭൂപരിഷ്കരണനിയമം നടപ്പില്‍ വരികയും നിലവിലുണ്ടായിരുന്ന ജന്‍മി സമ്പ്രദായം അവസാനിപ്പിച്ച് മണ്ണില്‍ പണി എടുത്തിരുന്നവര്‍ മണ്ണിന്റെ ഉടമകളായി മാറുകയും ചെയ്തു. ഈ പ്രദേശത്തു നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളായിരുന്നു പി.എ.ബി.കുഞ്ഞിമോന്‍, എസ്.എം.ഹനീഫ സാഹിബ്, പി.വി.ബീരാന്‍ സാഹിബ്ബ്, എം.പി.കെ.നായര്‍, ബാലകൃഷ്ണന്‍ നായര്‍, എന്നിവര്‍. ദേശീയ സാമൂഹ്യ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും കലാ സാംസ്ക്കാരിക രംഗത്തും പേരെടുത്തവരുമായ നിരവധിപേര്‍ ഈ പ്രദേശത്തുനിന്നുണ്ട്. ഗാന്ധിസ്മാരക വായനശാല, സന്തോഷ് കലാസമിതി, സോഷ്യലിസ്റ്റ് യുവജന വായനശാല, മഹാത്മജി സ്മാരക വായനശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാലകള്‍.